
കർണാടക ഗവണ്മെന്റിന്റെ, വീശേഷിച്ചും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയാണ് ബംഗളുരുവിലെ തുരങ്കപ്പാത. ആദ്യമായാണ് ഒരു ഇന്ത്യൻ നഗരത്തിൽ വാഹന ഗതാഗതത്തിനായി ഒരു തുരങ്കപ്പാത നിർമ്മിക്കുന്നത്. ഈ ബ്രഹദ് പദ്ധതിയിലൂടെ തന്റെ വ്യക്തിത്വം എക്കാലത്തേക്കുമായി അടയാളപ്പെടുത്താനാണ് ശിവകുമാർ ശ്രമിക്കുന്നത്. ബംഗളുരു നഗരവികസനത്തിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയാണ് അദ്ദേഹം. 17 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപ്പാതയ്ക്ക് 17678 കോടി രൂപയാണ് ഗവണ്മെന്റ് മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഈ പദ്ധതി ഏറ്റെടുക്കാൻ പ്രമുഖ വ്യവസായ സംരംഭകരായ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തുന്നത് സംസ്ഥാന ഗവണ്മെന്റിനെ അലോസരപ്പെടുത്തുന്നുണ്ട്. കാരണം കോൺഗ്രസ്സ് നേതാവായ രാഹുൽ ഗാന്ധി അദാനി ഗ്രൂപ്പിനെ സദാ വിമർശിക്കുന്ന ആളാണ്. പദ്ധതി അദാനി ഗ്രൂപ്പിന് കൊടുക്കേണ്ടിവന്നാൽ രാഹുൽ ഗാന്ധി തടസ്സവാദമുന്നയിക്കുമോ എന്ന സംശയം കോൺഗ്രസ്സ് ഗവണ്മെന്റിനുണ്ട്. ഗവണ്മെന്റ് എസ്റ്റിമേറ്റിനോട് അടുത്തുനിൽക്കുന്ന തുകയാണ് അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന ഗൗതം അദാനി ക്വട്ടേഷനിൽ കാണിച്ചിരിക്കുന്നതത്രേ. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ 12400 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ വർഷം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്സ് ഫോറത്തിൽ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അതിനകം നിക്ഷേപിച്ച പതിനായിരം കോടിയ്ക്ക് പുറമെയാണിത്. തമിഴ്നാട്ടിലും അദാനി ഗ്രൂപ്പ് 42700 കോടിയുടെ നിക്ഷേപം നടത്തുന്നുണ്ട്. കേരളത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിനാണ്. എന്നിരുന്നാലും പദ്ധതി അദാനി ഗ്രൂപ്പിന് കൊടുക്കേണ്ടിവന്നാൽ രാഹുൽ ഗാന്ധിയുടെ എതിർപ്പ് ഉണ്ടാകുമോ എന്ന സംശയമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ശിവകുമാറിനെയും അലട്ടുന്നത്. തുരങ്കപ്പാത കടന്നുപോകുന്ന മേഖലയെ പ്രതിനിധീകരിക്കുന്നത് ബിജെപി എംപി മാരായ തേജസ്വി സൂര്യയും പി സി മോഹനുമാണ്. ഇരുവരും ഈ പദ്ധതിയ്ക്ക് എതിരാണ്. ഇതൊരു വെള്ളാനയായി മാറും എന്ന ആരോപണമാണ് ഇരുവരും ഉയർത്തുന്നത്.
Photo Courtesy - Google











